മംഗളൂരു: കൊലപ്പെട്ട യുവമോർച്ച നേതാവിന്റെ ഭാര്യയ്ക്ക് ജോലി നൽകി കർണാടക സർക്കാർ. ദക്ഷിണ കന്നഡ ജില്ല സമിതി അംഗം പ്രവീൺ നെട്ടറുവിന്റെ (32) വിധവ നൂതൻ കുമാരിക്കാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ ജോലി നൽകിയത്. 30,350 രൂപ ശമ്പളത്തിൽ ക്ലർക്ക് തസ്തികയിൽ കരാർ വ്യവസ്ഥയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ 115 സി. ഗ്രൂപ്പ് ജീവനക്കാരിൽ ഒരാളായാണ് നൂതൻ കുമാരി ജോലിചെയ്യുക.

1977ലെ കർണാടക സിവിൽ സർവീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളിൽ നേരിട്ട് നിയമനം സാധ്യമാവില്ല. മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ 115 സി ഗ്രൂപ്പ് ജീവനക്കാരനായിരുന്ന സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് ഇവർക്ക് നിയമനം നൽകിയത്. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതൽ പ്രാബല്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോയാണ് നിയമന കാലാവധി. തസ്തികക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകൾ ഉണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയുൾപ്പെടെ നേതാക്കളേയും മന്ത്രിമാരെയും എംഎൽഎമാരെയും അടക്കം ജനപ്രതിനിധികളെ തെരുവുകളിൽ തടഞ്ഞിരുന്നു. സംസ്ഥാനത്തെ ചില യുവമോർച്ചാ നേതാക്കളും പ്രവർത്തകരും രാജിവെക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ജൂലൈ 28ന് നടത്താൻ നിശ്ചയിച്ച ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ഒന്നാം വാർഷിക പരിപാടികൾ പോലും മാറ്റിവെക്കേണ്ടി വന്നിരുന്നു. പോപുലർ ഫ്രണ്ട്, കേരള ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീൺ വധക്കേസ് കർണാടക സർക്കാർ എൻ.ഐ.എക്ക് കൈമാറി. ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാൻ കാരണമാവുന്ന തെളിവുകൾ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ എൻ.ഐ.എയെ സഹായിച്ചത്.

പ്രവീണിന്റെ വിധവക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ദൊഡ്ഢബല്ലപ്പൂരിൽ ബിജെപിയുടെ ജനസ്പന്ദന റാലിയിൽ പ്രഖ്യാപനം നടത്തിയത് ഈ മാസം ആദ്യമാണ്. പ്രവീൺ വധത്തെത്തുടർന്ന് വീട്ടിൽ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സർക്കാർ സഹായം കൈമാറിയിരുന്നു. എന്നാൽ ദക്ഷിണ കന്നഡ ജില്ലയിൽ ഇതേ കാലത്തുകൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സർക്കാറും നീതിപുലർത്തിയില്ലെന്ന് ആക്ഷേപമുണ്ട്.