- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല; വിവാദമുണ്ടാക്കരുത്; ആർജെഡി നേതാക്കളെ വിലക്കി തേജസ്വി
പട്‌ന: ബിഹാർ മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ലെന്നും മഹാസഖ്യത്തിൽ വിള്ളലുണ്ടാകുന്ന രീതിയിൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ആർജെഡി നേതാക്കളോട് തേജസ്വി യാദവ്. ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന തേജസ്വി 2023ൽ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ആർജെഡി നേതാക്കളായ ജഗദാനന്ദ സിങ്ങും ഭായി വീരേന്ദ്രയും പരസ്യ പ്രസ്താവന നടത്തിയതു മുന്നണിക്കുള്ളിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു.
മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്ന് ആശങ്കപ്പെടുന്ന അച്ഛന്റെ വെപ്രാളമാണ് ജഗദാനന്ദ സിങ്ങിന്റെ വാക്കുകളിലെന്നാണു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ തിരിച്ചടിച്ചത്. എന്നാൽ, തനിക്കു വ്യക്തിപരമായ മോഹങ്ങളില്ലെന്നും പിന്തുണയ്ക്കുന്നവർ ചിലപ്പോൾ അതിരു വിടുന്നതാണെന്നും തേജസ്വി വിശദീകരിച്ചു.
ഭാവി മുഖ്യമന്ത്രിയാരെന്നു ചിന്തിക്കേണ്ട സമയമിതല്ലെന്നും ഫാഷിസ്റ്റ് ശക്തിയായ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ബിഹാറിലുണ്ടായ വിജയം ദേശീയ തലത്തിലും ആവർത്തിക്കണം. ബിഹാറിൽ നിതീഷ് കുമാറാണു മഹാസഖ്യത്തിന്റെ നേതാവെന്നും തേജസ്വി പറഞ്ഞു.