ആഗ്ര: താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉടൻ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സ്ഥാപനം ഉടമകളും ജീവനക്കാരും പ്രതിസന്ധിയിൽ. കോടതി ഉത്തരവ് ബാധകമാകുന്ന 500 ഓളം റെസ്റ്റോറന്റുകൾ, വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, കോഫീ ഷോപ്പുകൾ, മറ്റ് ബിസിനസ്സ് ഔട്ട്ലെറ്റുകൾ എന്നിവ ഈ പ്രദേശത്തുണ്ട്.

താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിൽ വാണിജ്യ പ്രവർത്തനങ്ങൾ നിരോധിക്കാൻ സുപ്രീം കോടതി ആഗ്ര വികസന അഥോറിറ്റിയോട് (എഡിഎ) തിങ്കളാഴ്ച നിർദ്ദേശിച്ചിരുന്നു. താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിൽ വാണിജ്യ പ്രവർത്തനങ്ങളെക്കുറിച്ച് സർവേ പ്രോസസ്സിങ് ആരംഭിച്ചിട്ടുണ്ടെന്നും സർവേ പൂർത്തിയായ ശേഷം അവ കണ്ടെത്തി സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് പ്രവർത്തിക്കുമെന്നും എഡിഎ വൈസ് ചെയർമാൻ ചർച്ചിത് ഗൗർ പിടിഐയോട് പറഞ്ഞു.

1993-ൽ പടിഞ്ഞാറൻ ഗേറ്റിന് സമീപത്ത് നിന്ന് തങ്ങളെ നീക്കം ചെയ്യുകയും എന്നാൽ മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്തുവെന്നാരോപിച്ച് എഴുപത്തൊന്നോളം കടയുടമകൾ നൽകിയ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കോടതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എഎസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് ആഗ്ര വികസന അഥോറിറ്റിയോട് നിർദേശിച്ചു.

സ്മാരകത്തിന്റെ 500 മീറ്റർ ചുറ്റളവിൽ വാഹന ഗതാഗതത്തിനുള്ള കർശന നിയന്ത്രണങ്ങൾക്കുപുറമെ, നിർമ്മാണ നിരോധിത മേഖലയാണ്. സ്മാരകത്തിന് സമീപം മരം കത്തിക്കുന്നതിനും പ്രദേശത്തുടനീളം മുനിസിപ്പൽ ഖരമാലിന്യങ്ങളും കാർഷിക മാലിന്യങ്ങളും കത്തിക്കുന്നതും മുൻപ് നിരോധിച്ചിരുന്നു. താജ്മഹലിന് സമീപമുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനനുകൂലമായി അമിക്കസ് ക്യൂറിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു ബെഞ്ച് ഉത്തരവിട്ടത്.

ഈ വിഷയത്തിൽ തുടർ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി ബുധനാഴ്ച പ്രദേശവാസികളും വ്യാപാരസ്ഥാപന ഉടമകളും യോഗം ചേർന്നു. താജ്ഗഞ്ച് മേഖലയിലെ ഷോപ്പുകൾ, ഫാക്ടറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നതിനാൽ സുപ്രീം കോടതിയുടെ ഉത്തരവ് ഏകദേശം 40,000 മുതൽ 50,000 വരെ ആളുകളെ ബാധിക്കുമെന്ന് സൗത്ത് ഗേറ്റിലെ താമസക്കാരനായ ഹാജി താഹിർ ഉദ്ദീൻ താഹിർ പിടിഐയോട് പറഞ്ഞു.

ഈ കടകൾ പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഇവയൊക്കെയും താജ്മഹലിന്റെ കാലത്ത് സ്ഥാപിച്ചതാണ്. അതിനാൽ ഞങ്ങൾ നിയമപരമായ സാധ്യതകൾ അന്വേഷിച്ച് ഇത്തരക്കാർക്കായി ഒറ്റക്കെട്ടായി പോരാടുമെന്നും ഹാജി താഹിർ ഉദ്ദീൻ താഹിർ കൂട്ടിച്ചേർത്തു.