ന്യൂഡൽഹി: മുതിർന്ന നേതാക്കളുടെ നിർബന്ധപ്രകാരമാണ് താൻ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതെന്ന് മല്ലാകാർജുൻ ഖാർഗെ. പ്രസിഡന്റ് പദത്തിലേക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഏറെ നന്നാകുമായിരുന്നെന്ന് ശശി തരൂരിനോട് താൻ പറഞ്ഞിരുന്നതായും ഖാർഗെ പറഞ്ഞു. തരൂരും ഖാർഗെയും തമ്മിലാണ് പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരം നടക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതിനെ കുറിച്ചും ഖാർഗെ വിശദീകരിച്ചു. രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് മുതിർന്ന നേതാക്കൾ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആർക്കും എതിരെയല്ല പോരാടുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മഹാത്മാ ഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തിലാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതെന്നും പ്രത്യയശാസ്ത്രത്തിനും നീതിബോധത്തിനും വേണ്ടിയാണ് താൻ എന്നും പോരാടിയിട്ടുള്ളതെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ നേതാവായും മന്ത്രിയായും എംഎ‍ൽഎയായും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. അതേ നീതിബോധവും പ്രത്യയശാസ്ത്രവും മുന്നോട്ടു കൊണ്ടുപോകാൻ ഇപ്പോൾ വീണ്ടും പോരാടാൻ താൻ ആഗ്രഹിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

ദളിത് നേതാവ് എന്ന നിലയ്ക്ക് മാത്രമല്ല തന്റെ മത്സരം. കോൺഗ്രസ് നേതാവ് എന്ന നിലയ്ക്കാണ് മത്സരിക്കുന്നത്. അങ്ങിനെ തന്നെ തുടരുമെന്നും അദ്ദേഹം ഖാർഗെ കൂട്ടിച്ചേർത്തു. ഒക്ടോബർ 17-നാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. 19-നാണ് വോട്ടെണ്ണൽ.