ലക്നൗ : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം പ്രതിഷേധക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് നീക്കം.

ആദ്യഘട്ടത്തിൽ 60 പേരിൽ നിന്നായി 57 ലക്ഷം രൂപ ഈടാക്കാനാണ് സർക്കാർ തീരുമാനം. തുക അടയ്ക്കാത്തവരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടും. ഇത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നൽകി.

2019 ഡിസംബർ 20 ന് സിഎഎ പ്രതിഷേധത്തിന്റെ മറവിൽ കലാപം അഴിച്ചുവിടാൻ ശ്രമം നടന്നിരുന്നു. അന്ന് അക്രമികൾ സർക്കാരിന്റെ വസ്തുക്കൾ തകർക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയുമാണ് ചെയ്തത്. പ്രതിഷേധക്കാർ പൊലീസിന് നേരെയും ആക്രമണം നടത്തി.

ഈ കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 60 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് നാഹ്തോർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പങ്കജ് തോമർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി യുപിയിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് നടന്നത്. പൊതുമുതൽ നശിപ്പിച്ചും ഉദ്യോഗസ്ഥരെ ആക്രമിച്ചുമായിരുന്നു കലാപശ്രമം.