രാജ്കോട്ട്: ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്. രാജ്കോട്ടിലെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കെജ്രിവാളിന് നേരെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുപ്പി താഴെ വീണു.

പ്ലാസ്റ്റിക് കുപ്പിയാണ് കെജ്രിവാളിന് നേരെ എറിഞ്ഞത്. എന്നാൽ തലയ്ക്ക് നേരെ വന്ന കുപ്പി ദേഹത്തു തട്ടാതെ പോവുകയായിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാനായി ആൾക്കൂട്ടത്തിനിടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമൊപ്പം നടന്നുവരവെ കെജ്രിവാളിന് നേരെ കുപ്പി പാഞ്ഞുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് കാര്യമാക്കാതെ കെജ്രിവാൾ നടന്നുപോവുകയായിരുന്നു. അതേസമയം, സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

'കുറച്ച് അകലെ നിന്നുമാണ് കുപ്പി എറിയപ്പെട്ടത്. അത് കെജ്രിവാളിന്റെ തലയ്ക്ക് മുകളിലൂടെ കടന്നുപോയി. കുപ്പി അദ്ദേഹത്തിന് നേരെ എറിഞ്ഞതാണെന്ന് തോന്നുന്നു. എന്നാൽ അക്കാര്യത്തിൽ ഉറപ്പില്ല. അതിനാൽ പാെലീസിനെ സമീപിക്കുന്നില്ല'- എ.എ.പിയുടെ മീഡിയ കോർഡിനേറ്റർ സുകൻരാജ് പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗുജറാത്തിൽ തെരക്കിട്ട പ്രചരണത്തിലാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ. ഗുജറാത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും എ.എ.പി സർക്കാർ രൂപീകരിക്കുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ഉള്ളതായി കഴിഞ്ഞദിവസം കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.