ബംഗളൂരു: കോൺഗ്രസ് പ്രവർത്തകരിൽ ആവേശം പകർന്ന് രാഹുൽ ഗാന്ധി. കനത്തമഴയെ അവഗണിച്ചും രാഹുൽ ഗാന്ധി പ്രസംഗം തുടർന്നതോടെ ആവേശം ഏറ്റെടുത്ത് പാർട്ടി പ്രവർത്തകർ കാഴ്ചക്കാരായി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ മൈസൂരുവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മഴ വില്ലനായത്.

മഴയെ കൂസാതെ രാഹുൽ ഗാന്ധി പ്രസംഗം തുടരുന്ന വീഡിയോ കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് ട്വിറ്ററിൽ പങ്കുവെച്ചത്. കനത്തമഴയിലും തളരാതെ ജനങ്ങളുമായി രാഹുൽ സംവദിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ഒന്നിനും തന്നെ തടസ്സപ്പെടുത്താൻ കഴിയില്ല എന്ന പ്രഖ്യാപനമാണ് നടന്നത്. വെറുപ്പിനെതിരെ രാജ്യത്തെ ഐക്യപ്പെടുത്താൻ ലക്ഷ്യമിട്ട് നടക്കുന്ന ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തടയാൻ സാധിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. തൊഴിലില്ലായ്മയയും വിലക്കയറ്റത്തെ കുറിച്ചുമാണ് രാഹുൽ ജനങ്ങളുമായി സംവദിച്ചതെന്നും ജയ്റാം രമേശ് പറയുന്നു.