രാജ്‌കോട്ട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഗർബ നൃത്തം വയ്ക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാത്തിലെ രാജ്‌കോട്ടിൽ പൊതുപരിപാടിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ നൃത്തത്തിലാണ് മാൻ പങ്കാളിയായത്.

ജനങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും മുഖ്യമന്ത്രി കൂടുതൽ ആവേശത്തോടെ നൃത്തച്ചുവടുകൾ വയ്ക്കുന്നതും വിഡിയോയിൽ കാണാം. ഗുജറാത്തിലെതന്നെ വഡോദരയിൽ എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ഗർബ നൃത്തം വയ്ക്കുന്ന വിഡിയോ വൈറലായിരുന്നു.

ഈ വർഷം അവസാനം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ആം ആദ്മിയുടെ പ്രമുഖ നേതാക്കളൊക്കെ ഗുജറാത്തിൽ എത്തുന്നുണ്ട്. വലിയ രീതിയിലുള്ള ജനസമ്പർക്ക പരിപാടികൾ ആവിഷ്‌കരിച്ച് കുറച്ചു മാസങ്ങളായി എഎപിയുടെ പ്രചരണം ശക്തമാണ്.