ജോധ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന്റെ കോലവുമായി ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. ബിജെപി പ്രവർത്തകർ വൈഭവ് ഗെലോട്ടിന്റെ കോലം കത്തിക്കാൻ ഒരുങ്ങവേ കോൺഗ്രസ് പ്രവർത്തകൻ അത് തട്ടിപ്പറിച്ചോടി. സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകൻ കോലവും തട്ടിയെടുത്ത് ഓടുന്ന വീഡിയോ വൈറലായി. കോലം തട്ടിയെടുത്ത് ഓടുന്ന കോൺഗ്രസ് പ്രവർത്തകന്റെ പിന്നാലെ ബിജെപി പ്രവർത്തകർ പായുന്നതാണ് വീഡിയോയിലുള്ളത്.

ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർസിഎ) പ്രസിഡന്റ് സ്ഥാനാർത്ഥിയായ വൈഭവ് ഗെലോട്ട് ക്രമക്കേട് നടത്തിയെന്ന് ബിജെപി ആരോപിച്ചു. ഈ വിഷയത്തിലുള്ള പ്രതിഷേധമായാണ് കോലം കത്തിക്കാൻ ഒരുങ്ങിയത്. ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കോലം തട്ടിപ്പറിച്ചോടിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.