മൈസൂരു: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനായി സോണിയാ ഗാന്ധി കർണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വ്യഴാഴ്ച ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധി പങ്കെടുക്കും. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും ജോഡോ യാത്രയുടെ ഭാഗമാകും.

കുടകിലെ റിസോർട്ടിൽ രണ്ട് ദിവസം തങ്ങുന്ന സോണിയ , കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. മൈസൂരുവിലെ സുത്തൂർ മഠവും, ആസാം മസ്ജിദും, സെന്റ് ഫിലോമിന പള്ളിയും രാഹുൽ ഗാന്ധി ഇന്ന് സന്ദർശിച്ചു. നെയ്ത്തുതൊഴിലാളികളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം, ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഗ്രാമമായ ബദനവലു രാഹുൽ സന്ദർശിച്ചിരുന്നു.

കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.