ന്യൂഡൽഹി: ഫോൺ തട്ടിപ്പറിച്ച് കടന്നുകളഞ്ഞയാളെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കണ്ടെത്തി യുവതി. ഡൽഹിയിലെ പലം വിഹാറിലാണ് സംഭവം. 28കാരിയായ പല്ലവി കൗശിക് ആണ് നഷ്ടമായ ഫോൺ ബുദ്ധിപരമായി തിരിച്ചു പിടിച്ചത്. എന്നാൽ മോഷ്ടാവിനെ പിടികൂടാനായില്ല.

യുവതിയുടെ ഫോണിൽ നിന്ന് മോഷ്ടാവ് 50,865 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഓഗസ്റ്റ് 28നാണ് സംഭവം. പലവ്യഞ്ജന കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഓൺലൈൻ ആയി പൈസ അയക്കുകയായിരുന്നു പല്ലവി. ഇതേ സമയം പിന്നിൽ നിന്ന് തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഒരാൾ പല്ലവിയുടെ കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിയെടുത്ത് ഓടുകയായിരുന്നു. 200 മീറ്ററോളം യുവതി പിറകേയോടിയെങ്കിലും അയാളെ പിടികൂടാനായില്ലെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതോടെ ഫോൺ പരിസരത്തെവിടെയോ ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം മൂന്ന് മണിക്കൂറോളം ഫോണിനായി അലഞ്ഞ പല്ലവിക്ക് രാത്രി ഒൻപത് മണിയോടെ ഫോണിന്റെ സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചു എന്ന് പൊലീസ് വ്യക്തമാക്കി.

'ഒടുവിൽ ഒരു ഇടുങ്ങിയ വഴിയിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ അയാൾ ഇരിക്കുന്നത് ഞാൻ കണ്ടു. ബൈക്കിൽ ഇരിക്കുന്ന അയാളുടെ തലക്ക് ഒരു ഇടിയും കൊടുത്തു. അതോടെ അയാൾ ഫോൺ താഴെയിട്ട് ഓടി. അതുമായി ഞാൻ വീട്ടിലേക്കും മടങ്ങി. തൊട്ടടുത്ത ദിവസം പൊലീസിന് പരാതി നൽകി'- പല്ലവി പറഞ്ഞു.