അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ പാളത്തിലുണ്ടായിരുന്ന കന്നുകാലികൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി അപകടം. ഗുജറാത്തിലെ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെ 11.20-ഓടെയായിരുന്നു സംഭവം. ട്രെയിൻ എൻജിന്റെ മുൻഭാഗം തകർന്നു.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്ന ട്രെയിൻ സഞ്ചരിച്ചിരുന്നത്. റെയിൽവേ പാളത്തിലുണ്ടായിരുന്ന കന്നുകാലി കൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. നാല് പോത്തുകൾ അപകടത്തിൽ ചത്തതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.

അപകടം സംഭവിച്ചതിനെ തുടർന്ന് സർവീസ് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അപകടത്തിന് പിന്നാലെ കന്നുകാലികളെ റെയിൽവേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ പറഞ്ഞു.

സെപ്റ്റംബർ 30-നാണ് ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകൾ. ഈ റൂട്ടിലുള്ള ട്രെയിനുകളിൽ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയിൽ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച് സാങ്കേതിക വിദ്യ.