ലഖ്‌നൗ: ഉത്തർപ്രദേശിലെ മൈൻപുരിയിൽ പത്തൊൻപതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം. ബിരുദവിദ്യാർത്ഥിയായ പെൺകുട്ടിയെ പുഷ്പേന്ദ്ര എന്ന ഇരുപതുകാരൻ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

സംഭവസമയത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. കോച്ചിങ് ക്ലാസിന് ശേഷം മടങ്ങിയെത്തിയ ഇളയ സഹോദരി വാതിൽ മുട്ടിയപ്പോൾ പുഷ്‌പേന്ദ്ര വാതിൽ തുറന്ന് ഇറങ്ങി ഓടിയതായും അതിനുശേഷം പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറയുന്നു.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തതായും പുഷ്‌പേന്ദ്രക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായും മൈൻപുരി എസ്‌പി. കമലേഷ് ദീക്ഷിത് അറിയിച്ചു.