ന്യൂഡൽഹി: പതിനൊന്നു വയസ്സുകാരിയെ രണ്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ ശൗചാലയത്തിൽ വച്ചാണ് കുട്ടിയെ ഇവർ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിലേയ്ക്ക് പോകുകയായിരുന്ന കുട്ടി 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുമായി അബദ്ധത്തിൽ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ കുട്ടി ക്ഷമാപണം നടത്തിയെങ്കിലും ആൺകുട്ടികൾ ഉപദ്രവിക്കുകയായിരുന്നു.

ശൗചാലയത്തിനുള്ളിൽ പൂട്ടിയിട്ടശേഷം അവർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സംഭവം മൂടിവെക്കാനും ആൺകുട്ടികളെ രക്ഷിക്കാനും സ്‌കൂളിലെ അദ്ധ്യാപിക ശ്രമിച്ചെന്നും വിഷയത്തിൽ ഇടപെട്ട ഡൽഹി വനിതാ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വനിതാ കമ്മീഷൻ ഇടപെട്ടതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിജീവിത പൊലീസിനെ സമീപിച്ചത്. വനിതാ കമ്മീഷൻ ഡൽഹി പൊലീസിനും സ്‌കൂൾ പ്രിൻസിപ്പലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം നടന്ന് ഇത്ര നാളായിട്ടും പൊലീസിൽ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്‌കൂൾ അധികൃതരോട് കമ്മീഷൻ ചോദിച്ചു.

ഇരയായ കുട്ടിയോ മാതാപിതാക്കളോ സംഭവം പ്രിൻസിപ്പലിനെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രീയ വിദ്യാലയ സമിതി വ്യക്തമാക്കുന്നത്. രക്ഷിതാക്കളുടെ യോഗത്തിലും സംഭവം ചർച്ചയായില്ലെന്നും സ്ഥാപന വക്താവ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർത്ഥികൾ ഉപദ്രവിച്ച വിവരം അദ്ധ്യാപികയെ അറിയിച്ചിരുന്നെന്ന് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞു. എന്നാൽ, സംഭവം മൂടിവെക്കാനാണ് അദ്ധ്യാപിക ശ്രമിച്ചതെന്ന് കുട്ടി വ്യക്തമാക്കിയെന്നും സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരിയിലെ കുട്ടികൾ സ്‌കൂളുകളിൽ പോലും സുരക്ഷിതരല്ലെന്നത് ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ കടുത്ത നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.