ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തിൽ കണ്ണുവച്ച് തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് ഭാരത് രാഷ്ട്ര സമിതിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് നേതാക്കൾ.

പാർട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവുവാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളിയാഴ്ച രംഗത്തെത്തിയത്. ഏറ്റവും കഴിവുകെട്ട, യോഗ്യതയില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കെ.ടി.ആർ വിമർശിച്ചു.

'മോദി പ്രധാനമന്ത്രിയല്ല, 'പ്രചാരമന്ത്രി'യാണ്. മോദിയുടെ 'മൻ കി ബാത്ത്' നാം കേൾക്കണം, എന്നാൽ 'ജൻ കി ബാത്ത്' (ജനങ്ങൾക്ക് പറയാനുള്ളത്) കേൾക്കാൻ അദ്ദേഹം തയ്യാറല്ല. പോരാടാനും കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് ക്ഷമയുണ്ട്. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ആക്രമണം ഞങ്ങൾക്കെതിരെ ഉണ്ടായേക്കാം. അവരിൽ നിന്നുള്ള ഏത് ആക്രമണം നേരിടാനും ഞങ്ങൾ തയ്യാറാണ്. ബിജെപിയുടെ ഭാഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് ഞങ്ങൾക്കറിയാം', കെ.ടി.ആർ. പറഞ്ഞു.

ഇ.ഡി, ഇൻകം ടാക്സ്, സിബിഐ. തുടങ്ങിയ ഏജൻസികൾ ഉപയോഗിച്ച് വേട്ടയാടുന്നതാണ് മോദിയുടെ പ്രവർത്തനരീതിയെന്ന് 'മോദി ഓപ്പറാൻഡി' എന്ന വാക്ക് ഉപയോഗിച്ച് രാമറാവു വിമർശിച്ചു. ഇത്തരം കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഒരു ഭാഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. 'അവർക്ക് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ അവരെ എതിർത്ത് തോൽപ്പിക്കും', കെ.ടി.ആർ. പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് ബിജെപി. അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.