ന്യൂഡൽഹി: പോത്തുകളുടെ കൂട്ടത്തിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ പശുവുമായി ഇടിച്ച് അപകടത്തിൽപെട്ട് വന്ദേഭാരത് എക്സ്‌പ്രസ്. വെള്ളിയാഴ്ച ഗാന്ധിനഗർ- മുംബൈ റൂട്ടിൽ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം.

ട്രെയിൻ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിക്കുകയായിരുന്നു. ആദ്യ കോച്ചിന്റെ മുൻഭാഗം ചളുങ്ങിപ്പോയി. പത്ത് മിനുട്ടോളം നിർത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

കഴിഞ്ഞദിവസവും ഇതേ റൂട്ടിലാണ് വന്ദേഭാരത് ട്രെയിൻ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. നാല് പോത്തുകൾ അപകടത്തിൽപെട്ട് ചത്തിരുന്നു. ട്രെയിനിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുജറാത്തിലെ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.