ന്യൂഡൽഹി: ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തിന് ഏക്‌നാഥ് ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ ഉദ്ധവ് താക്കറെ പക്ഷത്തോട് പ്രതികരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യമായ രേഖകളോടുകൂടിയ മറുപടി ഒക്ടോബർ എട്ടിന് ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിൽ പറഞ്ഞു. മറുപടി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ഉചിതമായ നടപടിയെടുക്കുമെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഉദ്ധവ് പക്ഷം ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് നിവേദനം നൽകിയത്. ഇതിന് പിന്നാലെയാണ് മറുപടി ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ യഥാർത്ഥ ശിവസേന ഉദ്ധവ് പക്ഷമാണോ ഷിൻഡെ പക്ഷമാണോ എന്ന് തീരുമാനിക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത് സെപ്റ്റംബർ 27നാണ്. ജൂണിൽ ഷിൻഡെ പക്ഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാറിനെ താഴെയിറക്കിയിരുന്നു. തുടർന്ന് ബിജെപി പിന്തുണയോടെ 39 എംഎ‍ൽഎമാരോടൊപ്പമാണ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്.