ഭോപ്പാൽ: ട്രെയിൻ യാത്രക്കാരിയെ ഉപദ്രവിച്ചതിന് മധ്യപ്രദേശിലെ രണ്ടു കോൺഗ്രസ് എംഎ‍ൽഎമാർക്കെതിരെ കേസെടുത്തു. സിദ്ധാർഥ് കുഷ്വഹ, സുനിൽ ഷറഫ് എന്നിവർക്കെതിരെയാണ് കേസ്.

മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്ത ഇവർ അസഭ്യം പറഞ്ഞെന്നും ഉപദ്രവിച്ചെന്നും യാത്രക്കാരി ആരോപിച്ചു. ട്രൈനിൽ കിടക്കുകയായിരുന്ന യുവതിയെ രണ്ട് എംഎ‍ൽഎമാരും ചേർന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെന്നും കഴിക്കാത്തതിന് കയ്യിൽ കയറി പിടിച്ചെന്നും പരാതിയിൽ പറഞ്ഞു.

തുടർന്ന് ഹബീബ്ഗഞ്ചിൽ ഇറങ്ങിയ യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്നു യുവതിയെന്ന് അഡിഷണൽ എസ്‌പി പ്രതിമ പട്ടേൽ അറിയിച്ചു.

അതേസമയം യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്കെതിരായ ഗൂഢാലോചനയാണ് ഇതെന്നും എം.എൽ.മാർ പ്രതികരിച്ചു. കൈക്കുഞ്ഞുള്ളതുകൊണ്ട് യുവതിയുടെ സൗകര്യത്തിന് സീറ്റ് മാറിക്കൊടുത്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് സിദ്ധാർഥ് കുഷ്വഹ എംഎ‍ൽഎ പറഞ്ഞു. ഞങ്ങൾ ജനപ്രതിനിധികളാണെന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും എംഎ‍ൽഎ കൂട്ടിച്ചേർത്തു.