ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിൽ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്രമക്കേടുകൾ ഓരോന്നായി എണ്ണിയെണ്ണിപറഞ്ഞ് അധികൃതർക്ക് ഹർഭജൻ കത്തയച്ചു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ ഉപദേശകനാണ് ഹർഭജൻ

പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ പ്രസിഡന്റ് ഗുൽസരീന്ദർ സിങ് കാണിക്കുന്ന ക്രമക്കേടുകളാണ് ഹർഭജൻ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം നടപടികൾ നിർത്തിവെക്കാൻ ഇടപെടണമെന്നാണ് അധികൃതർക്കും അംഗങ്ങൾക്കും എഴുതിയ കത്തിൽ ഹർഭജൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റിനെതിരെ കഴിഞ്ഞ 10 ദിവസമായി ക്രിക്കറ്റ് ആരാധകരിൽ നിന്നും അസോസിയേഷൻ അംഗങ്ങളിൽ നിന്നും നിരവധി പരാതികളാണ് തനിക്ക് ലഭിച്ചതെന്ന് ഹർഭജൻ പറഞ്ഞു.

പ്രസിഡന്റിന്റെ നേത്വത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അത് ക്രിക്കറ്റ് ഭരണത്തിന്റെ സുതാര്യതക്ക് എതിരാണെന്നും രാജ്യസഭാംഗം കൂടിയായി ഹർഭജൻ പറഞ്ഞു. പ്രിസഡന്റിനെതിരെ ഒംബുഡ്‌സ്മാനും പരാതി ലഭിച്ചിട്ടുണ്ടെന്ന് താൻ ഇന്നലെയാണ് അറിഞ്ഞതെന്നും ഹർഭജൻ പറഞ്ഞു.