മുംബൈ: ചികിത്സാപ്പിഴവിനെ തുടർന്ന് മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയായ 28-കാരി മരിച്ചു. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോർട്ടിനെത്തുടർന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തെറ്റായ പരിശോധനാറിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ ക്രിമിനൽ നിയമപ്രകാരം ശനിയാഴ്ച കേസെടുത്തു.

കല്യാണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പരിശോധനക്കായി സമീപത്തുള്ള സോണോഗ്രഫി സെന്ററിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ വളർച്ച ശരിയായ രീതിയിൽ അല്ലെന്നാണ് സെന്ററിലെ ഡോക്ടർ നൽകിയ റിപ്പോർട്ട്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകുകയും തുടർന്ന് ആരോഗ്യനില വഷളായി യുവതി മരിക്കുകയും ചെയ്തു. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോർട്ടും ശ്രദ്ധക്കുറവുമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.