ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന് വിഭ്രാന്തിയാണെന്ന് പറഞ്ഞ പ്രശാന്ത് കിഷോർ, അദ്ദേഹം രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും പരിഹസിച്ചു. പ്രായം കൂടുന്നത് നിതീഷ് കുമാറിന്റെ സംസാരത്തിലും പ്രവർത്തിയിലും പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

പ്രശാന്ത് കിഷോറിനെപ്പോലുള്ളർ ഒരിടത്തും നിൽക്കില്ലെന്നും കുറച്ചു നാളുകളായി പ്രശാന്ത് ബിജെപിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നുമുള്ള നിതീഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാൻ ബിജെപിയുടെ അജണ്ട പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജെ.ഡി.യുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും ഈയിടെ അദ്ദേഹം ആരോപിച്ചിരുന്നു. നിതീഷ് വിഭ്രാന്തിയിലായിരിക്കുകയാണ്, പ്രശാന്ത് കിഷോർ പറഞ്ഞു.

ബിജെപിയെയാണ് ഞാൻ പിന്തുണയ്ക്കുന്നതെങ്കിൽ, കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എന്തിന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടണം, പ്രശാന്ത് കിഷോർ ആരാഞ്ഞു. നിതീഷ് രാഷ്ട്രീയമായി ഒറ്റപ്പെട്ടു. വിശ്വസിക്കാൻ കഴിയാത്തവരാൽ അദ്ദേഹം ചുറ്റപ്പെട്ടു. ഈ പരിഭ്രാന്തി മൂലം ഉദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

നേരത്തെ, ജെ.ഡി.യു. പ്രധാനപദവി നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും താനത് തള്ളിക്കളഞ്ഞെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കസേര തന്നാൽ പോലും താൻ ജെ.ഡി.യുവിനായി പ്രവർത്തിക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അത്തരത്തിൽ ഒരു വാഗ്ദാനവും ജെ.ഡി.യു. നൽകിയിട്ടില്ലെന്നും പ്രശാന്ത് കിഷോർ പറയുന്നത് കള്ളമാണെന്നും നിതീഷ് കുമാർ പറഞ്ഞത്.