ഫിറോസാബാദ്: രണ്ടുവർഷം മുൻപ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിക്കുള്ളിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ കാമുകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫിറോസാബാദിലെ കിത്തൗട്ട് ഗ്രാമത്തിലാണ് സംഭവം.

2020 നവംബർ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകൾ ഖുശ്‌ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 366, 363 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുവർഷമായി ഖുശ്‌ബുവിനും ഗൗരവിനും വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നെന്ന് സിർസാഗഞ്ച് സർക്കിൾ ഓഫീസ് അനിവേശ് കുമാർ പറഞ്ഞു.

ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി ഖുശ്‌ബു സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗൗരവ് പൊലീസിന് മൊഴി നൽകി. നവംബർ 21ന് യുവതിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിൽ കുഴിച്ചിടുകയും പിന്നാലെ കുടുംബസമേതം നാടുവിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.