ലക്നൗ: അന്തരിച്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ ജന്മനാടായ സയ്ഫൈയിലെത്തിയാണ് യോഗി ആദരാഞ്ജലിയർപ്പിച്ചത്. മുലായം സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മുലായം സിങ് യാദവിന്റെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച മൂന്ന് മണിക്ക് സയ്ഫൈയിൽ നടക്കുമെന്ന് പാർട്ടി നേതൃത്വമറിയിച്ചു. വിനീതനായ നേതാവിനെ ആണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ വിവിധ മേഖലയിലുള്ളവർ മുലായംസിംഗിന് അനുശോചനം രേഖപ്പെടുത്തി.

മുലായം സിങ് യാദവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ അനുഗ്രഹവും ഉപദേശങ്ങളും വർഷങ്ങളോളം ഒപ്പമുണ്ടായിരുന്നുവെന്നും നരേന്ദ്ര മോദി അനുസ്മരിച്ചു.