- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മ്യാന്മറിൽ തടവിലാക്കപ്പെട്ടവരിൽ ഒരു മലയാളി അടക്കം പത്ത് പേർ കൂടി മോചിതരായി; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി
കോട്ടയം: ജോലി തട്ടിപ്പിന് ഇരയായി മ്യാന്മറിൽ തടവിലാക്കപ്പെട്ടവരിൽ ഒരു മലയാളി അടക്കം 10 പേർ കൂടി മോചിതരായി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖും തമിഴ്‌നാട് സ്വദേശികളായ ഒമ്പതു പേരുമാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്നു മോചിതരായത്. വൈശാഖിന് ഒപ്പമുള്ള മറ്റ് ഒൻപതു പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. എല്ലാവരേയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു തമിഴ്‌നാട് എൻആർകെ ഓഫിസർ അനു പി.ചാക്കോ അറിയിച്ചു.
നിലവിൽ മ്യാന്മാറിൽ നിന്നും രക്ഷപ്പെട്ട ഇവർ തായ്‌ലൻഡിലാണുള്ളത്. ഒരു സുഹൃത്തു മുഖേനയാണ് തായ്ലൻഡിലേക്കു ജോലിക്ക് പോയതെന്നും അവിടെനിന്ന് മ്യാന്മറിലേക്ക് പിടിച്ച് കൊണ്ടുവരികയായിരുന്നെന്നും വൈശാഖ് പറഞ്ഞു. വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:
''ഡേറ്റ എൻട്രി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് സുഹൃത്തു മുഖേനയാണ് ജോലിക്ക് അപേക്ഷിച്ചത്. ഓൺ അറൈവൽ വീസ ആയിരുന്നു. കമ്പനിയിൽ ഒഴിവുണ്ടെന്ന് ഫേസ്‌ബുക് വഴി ഒരാളിലൂടെയാണ് അറിഞ്ഞത്. ഇയാൾ ആവശ്യപ്പെട്ട പ്രകാരം പാസ്‌പോർട്ടിന്റെ കോപ്പിയൊക്കെ അയച്ചു കൊടുത്തിരുന്നു. വിമാനത്താവളത്തിനു പുറത്തേക്കു വന്നപ്പോൾ ഒരാൾ കാറിൽ വന്ന് കമ്പനി വാഹനമാണെന്നു പറഞ്ഞ് ഞങ്ങളെ അതിൽ കയറ്റി. തുടർന്ന് ഒരു മണിക്കൂറോളം അതിൽ സഞ്ചരിച്ച ശേഷം മറ്റൊരു വാഹനത്തിലേക്കു മാറാൻ ആവശ്യപ്പെട്ടു.
അതിൽ തോക്കും മറ്റ് ആയുധങ്ങളുമായി നാലഞ്ചു പേർ ഉണ്ടായിരുന്നു. അവിടെനിന്ന് 600 കിലോമീറ്റർ താണ്ടി മ്യാന്മർ അതിർത്തിയിൽ എത്തിച്ചു. അവിടെ ഒരു നദിക്കരയിലാണ് വാഹനം നിർത്തിയത്. അവിടെയും നാലഞ്ചു പേർ തോക്കുമായി ഉണ്ടായിരുന്നു. ഞങ്ങളെ ബോട്ടിൽ കയറ്റി കൊണ്ടുപോയി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. തുടർന്ന് മറ്റൊരു സ്ഥലത്തെത്തി മറ്റൊരു വാഹനത്തിൽ കയറ്റി. മൂന്നു നാലു വാഹനങ്ങൾ മാറിമാറിക്കയറി കുറേ കെട്ടിടങ്ങളുള്ള ഒരു സ്ഥലത്തെത്തിച്ചു. അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു കമ്പനിയിലേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. എന്താണ് ജോലി എന്നൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല.
പിറ്റേന്ന് ജോലിക്കു ചെന്നപ്പോൾ കുറേ വ്യാജ ഫേസ്‌ബുക് ഐഡികൾ നൽകി. അത് ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതായിരുന്നു. പാർട് ടൈം ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ഈ പ്രൊഫൈലുകൾ വഴി പരസ്യം നൽകുകയായിരുന്നു ജോലി. അത് എന്തിനാണെന്നു പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുറച്ചു ദിവസം ഈ ജോലി ചെയ്തു. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്പാമിങ് ആണെന്നു മനസ്സിലായത്. ഈ ജോലി താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിങ്ങൾ തായ്ലൻഡിൽ നിന്ന് എങ്ങനെ മ്യാന്മറിൽ എത്തിയെന്നു പോലും ആർക്കും അറിയില്ല. അതിനാൽ നിങ്ങളെ കൊന്ന് അതിർത്തിയിൽ ഇട്ടാൽ പോലും ആരും ചോദിക്കാൻ വരില്ലെന്ന് അവർ ഭീഷണിപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
എംബസിയുടെ ഇടപെടലാണ് വൈശാഖിനും സംഘത്തിനും രക്ഷയായത്. അവിടുത്തെ എല്ലാ വിവരങ്ങളും ഫോണിൽനിന്നു കളഞ്ഞിട്ട് അവർ തായ്ലൻഡ് അതിർത്തിയിൽ കൊണ്ടുവിടുകയായിരുന്നു മ്യാന്മറിൽനിന്ന് രക്ഷപ്പെട്ട് എത്തിയവർ ഇപ്പോൾ ഉള്ളത് തായ്‌ലൻഡിലെ മിയാസോട്ടിയാണ്. ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ട്. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ എത്തിക്കാമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.
മാസ്റ്റർ ഗ്രൂപ്പ് എന്നാണ് തങ്ങൾ അകപ്പെട്ട കമ്പനിയുടെ പേരെന്ന് വൈശാഖ് പറയുന്നു. ഏഴു മലയാളികൾ അടക്കം 17 ഇന്ത്യക്കാർ ഇനിയും അവിടെ കുടുങ്ങി കിടപ്പുണ്ടെന്നും അവരെ രക്ഷിക്കാൻ എംബസി ഇടപെടണമെന്നും വൈശാഖ് പറയുന്നു. ഈ 17 പേരെ കൂടാതെ ഞങ്ങൾ താമസിച്ച സ്ഥലത്ത് മൂന്നുറിലധികം ഇന്ത്യക്കാർ ഉണ്ട്. അതിൽ അൻപതിലേറെ മലയാളികാണ്. അവരെക്കൂടി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം.''