- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് തലവനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചു; വധഭീഷണി; മുസ്ലിം പുരോഹിതൻ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ
ന്യൂഡൽഹി ആർഎസ്എസ് തലവൻ മോഹൻ ഭഗവതുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചതിന്റെ പേരിൽ വധഭീഷണി നേരിടുന്ന ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ അനുവദിച്ചു. ഒന്നിലധികം ഭീഷണികൾ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് ലഭിച്ചതോടെയാണ് സുരക്ഷ വർധിപ്പിച്ചത്. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ചർച്ച നടത്തിയിരുന്നു.
സെപ്റ്റംബർ 22ന് ആയിരുന്നു ഈ കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രാലയം അനുവദിച്ച വൈ പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നുവെന്ന് ഉമർ അഹമ്മദ് ഇല്ല്യാസി എഎൻഐയോട് പറഞ്ഞു. ഇംഗ്ലണ്ട്, ദുബായ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഫോണിലൂടെ തനിക്ക് ഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് തിലക് ലെയ്ൻ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ആഭ്യന്തര മന്ത്രാലയത്തിന് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.
മോഹൻ ഭഗവതുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞത് മുതൽ തുടർച്ചയായി ഭീഷണി കോളുകൾ വരുന്നുണ്ട്. സെപ്റ്റംബർ 23ന് ഇംഗ്ലണ്ടിൽ നിന്ന് ഒരു ഭീഷണി കോൾ ലഭിച്ചു. നിങ്ങൾ നരകത്തിലെ അഗ്നിയിൽ എരിയുമെന്ന് പറഞ്ഞു. മോഹൻ ഭഗവതിനെ പള്ളിയിലേക്ക് വിളിച്ചതിനും അദ്ദേഹത്തെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതിനും ഭീഷണികൾ വന്നു കൊണ്ടിരിക്കുകയാണ്. ചില മതമൗലികവാദികൾക്ക് രാജ്യത്ത് സമാധാനമോ സ്നേഹമോ സമാധാനമോ ഇഷ്ടമല്ല. അവർ തന്നെയാണ് ഭീഷണിക്ക് പിന്നിലെന്നും ഉമർ അഹമ്മദ് ഇല്ല്യാസി പറഞ്ഞു.
ഈ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസ്താവന പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങൾ കരുതുന്നു' - ആർഎസ്എസ് തലനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമർ അഹമ്മദ് ഇല്ല്യാസിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കോളുകൾ വന്നു തുടങ്ങിയതെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്.
ന്യൂസ് ഡെസ്ക്