മുംബൈ: ഉബർ ഡ്രൈവർ തന്നെ അപമാനിച്ചതായി നടിയും സംവിധായകയുമായ മാനവ നായികിന്റെ പരാതി. തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ മാനവ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് സംഭവം. വിഷയം ശ്രദ്ധയിൽപ്പെട്ടതായും ഉടനടി നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് കമ്മീഷണർ വിശ്വാസ് നാംഗ്രേ പാട്ടീൽ മാനവയുടെ പോസ്റ്റിനു മറുപടി നൽകി.

ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്നും രാത്രി 8.15ന് ബുക്ക് ചെയ്ത ക്യാബിൽ നിന്നുമാണ് ദുരനുഭവമുണ്ടായത്. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ഇയാൾ ഫോണിൽ സംസാരിച്ചതായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായും പോസ്റ്റിൽ പറയുന്നു.

ട്രാഫിക് സിഗ്‌നൽ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസിന്റെയടുത്ത് ഇദ്ദേഹം കയർത്തെന്നും ഇതിലിടപെട്ട നടിയുടെയടുത്ത് മോശമായി പെരുമാറിയതായും മാനവ പോസ്റ്റിൽ വ്യക്തമാക്കുന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചെന്നും ബൈക്കിലും റിക്ഷയിലുമെത്തിയ മൂന്ന് പേർ ചേർന്നാണ് തന്നെ സംരക്ഷിച്ചതെന്നും അവർ അറിയിച്ചു.