ചണ്ഡീഗഢ്: ഭാര്യ പിണങ്ങിപ്പോയതിന്റെ പകയിൽ പഞ്ചാബിൽ രണ്ട് കുട്ടികളെ ഉൾപ്പെടെ അഞ്ചുപേരെ യുവാവ് തീവെച്ചു കൊലപ്പെടുത്തി. പരംജിത്ത് കൗർ (28), പിതാവ് സുർജാൻ സിങ് (50), മാതാവ് ജോഗീന്ദറോ (49), മക്കളായ അർഷ്ദീപ് (8), അന്മോൾ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലന്ധർ ജില്ലയിലെ ഖുർഷേദ്പുർ സ്വദേശി കുൽദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ അവരുടെ വീട്ടിൽ കഴിയുന്നതിൽ പ്രകോപിതനായാണ് കുൽദീപ് സിങ്ങ് ആക്രമണം നടത്തിയത്. ഒരുവർഷം മുമ്പാണ് പരംജിത്തും കുൽദീപ് സിങ്ങും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. കൊല്ലപ്പെട്ട രണ്ട് കുട്ടികളും പരംജിത്തിന്റെ ആദ്യവിവാഹത്തിലെ മക്കളാണ്.

കുൽദീപ് നിരന്തരം മർദ്ദിക്കുന്നതിനാൽ വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം പരംജിത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപോവുകയായിരുന്നു. കുൽദീപ് വീട്ടിലേക്കു തിരിച്ചുവിളിച്ചെങ്കിലും പീഡനം ഭയന്ന് അവർ പോകാൻ തയ്യാറായിരുന്നില്ല. ഇതിൽ പ്രകോപിതനായ കുൽദീപ് കഴിഞ്ഞ ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.