ഷിംല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചൽ പ്രദേശിൽ 17 മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സിപിഎം. തിയോഗിലെ സിറ്റിങ് എംഎൽഎ രാകേഷ് സിംഘ ഉൾപ്പെടെ പതിനൊന്ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് സിപിഎം പ്രസിദ്ധീകരിച്ചു. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികൾക്ക് പിന്തുണ നൽകുമെന്നും സിപിഎം പ്രഖ്യാപിച്ചു.

നിലവിൽ സിപിഎമ്മിന് സംസ്ഥാനത്ത് ഒരു എംഎൽഎ മാത്രമാണുള്ളത്. 2017ൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ച് തിയോഗിൽ രാകേഷ് സിംഘ ജയിച്ചിരുന്നു. 24 വർഷത്തിന് ശേഷമാണ് സിപിഎമ്മിന് ഹിമാചൽ പ്രദേശിൽ ഒരു നിയമസഭ പ്രതിനിധിയുണ്ടാകുന്നത്.

നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. 68 സീറ്റുകളുള്ള സംസ്ഥനത്ത് നിലവിൽ ബിജെപിയാണ് ഭരണം. 59 സീറ്റുകളിൽ ബിജെപി ഉടനെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 2017ൽ ബിജെപിക്ക് 44 സീറ്റ് ലഭിച്ചിരുന്നു.