കേദാർനാഥ്: 'മോളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല' കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അനിൽ സിങ് അവസാനമായി പറഞ്ഞത് ഇതായിരുന്നുവെന്ന് ഭാര്യ അനന്ദിത. ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നതിന് തലേദിവസമാണ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

'തിങ്കളാഴ്ചയായിരുന്നു അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. മകൾ സുഖമില്ലാതെ കിടക്കുകയായിരുന്നു. മകളെ നന്നായി നോക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു', അനിൽ സിങ്ങിന്റെ ഭാര്യ അനന്ദിത പറഞ്ഞു.

ഉത്തരാഖണ്ഡിലെ കേദാർനാഥിനടുത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് അനിൽ സിങും നാല് തീർത്ഥാടകരും ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. ആര്യൻ ഏവിയേഷന്റെ ബെൽ 407 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന് കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ ഗരുഡ്ചാട്ടിയിലെ ദേവ് ദർശനി എന്ന സ്ഥലത്തുവച്ചാണ് ഹെലികോപ്റ്റർ തകർന്ന് കത്തിയമർന്നതെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥൻ നന്ദൻ സിങ് പറഞ്ഞു. മൃതദേഹങ്ങൾ കേദാർനാഥ് ഹെലിപാഡിലെത്തിച്ചു. മരിച്ചവരിൽ മൂന്നുപേർ ഗുജറാത്ത് സ്വദേശികളാണ്. ബാക്കിയുള്ളവർ തമിഴ്‌നാട്, മഹാരാഷ്ട്ര സ്വദേശികളും.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ അപകടത്തിൽ അനുശോചിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമി ഉത്തരവിട്ടു. 2019 ഓഗസ്റ്റിലും ഇവിടെ സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചിരുന്നു.