ഭോപാൽ: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ദീപാവലിക്ക് ധന്വന്തരി പൂജ നടത്തണമെന്ന് മധ്യപ്രദേശ് സർക്കാർ. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായ ധൻതേരാസ് ദിവസം ധന്വന്തരി പൂജ നടത്താനാണ് മന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളും നിർദ്ദേശം പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് ധന്വന്തരി പൂജ നത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിനു വേണ്ടിയാണ് ഈ പൂജ. ധൻതേരാസ് ദിവസമായ ഒക്ടോബർ 22-ന് എല്ലാ മെഡിക്കൽ കോളേജിലും ധന്വന്തരി പൂജ നടത്തണം. ഡോക്ടർമാരും വിദ്യാർത്ഥികളും രോഗികൾക്കൊപ്പം നിൽക്കുന്നവരും ഉൾപ്പെടെ എല്ലാവരും പൂജയിൽ പങ്കെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് എം.ബി.ബി.എസ്. പാഠപുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് മെഡിക്കൽ കോളേജുകളിൽ ധന്വന്തരി പൂജ നടത്താനുള്ള തീരുമാനം.