പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പാർട്ടികളുടെ ലയനത്തിനായി മുൻകൈയെടുത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളിൽ (യു) പിളർപ്പുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് ആർജെഡിയുമായി ലയനമെന്ന തന്ത്രം നിതീഷ് കുമാർ പയറ്റുന്നത്.

ആർജെഡി നേതൃത്വവുമായി ലയനത്തിനുള്ള പ്രാരംഭ ചർച്ചകൾ നടന്നതായാണു ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. ആർജെഡി ജെഡിയു സർക്കാർ രൂപീകരണം ഇരുപാർട്ടികളുടെയും അണികളിൽ ആവേശം പകർന്നിട്ടുണ്ടെന്നും പാർട്ടികൾ ലയനത്തിനു സജ്ജമാണെന്നും നേതൃത്വം കരുതുന്നു. ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പാർട്ടിയുടെ പതാകയും പേരും മാറ്റാനുള്ള അധികാരം പാർട്ടി അധ്യക്ഷൻ ലാലു യാദവിനു നൽകി പ്രമേയം പാസാക്കിയത് ലയനത്തിനു വഴിയൊരുക്കാനാണെന്ന വിലയിരുത്തലുണ്ട്.

ബിഹാർ മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു കൈമാറി സംയുക്ത ജനതാ പാർട്ടിയുടെ നേതാവായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറാനാണു നിതീഷിന്റെ ശ്രമം. സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനരേകീകരണമെന്ന നിതീഷിന്റെ പദ്ധതിയോട് യുപിയിലെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗത്താലയ്ക്കും അനുകൂല നിലപാടാണ്. നിതീഷിന്റെ നേതൃത്വം അംഗീകരിക്കാനും അഖിലേഷും ചൗത്താലയും തയാറാണ്.

രാജ്യമെമ്പാടുമുള്ള ജനതാ പരിവാർ പാർട്ടികളെ ഒന്നിപ്പിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിനേക്കാൾ പ്രബലമായ പ്രതിപക്ഷ പാർട്ടിയാകുമെന്നും നിതീഷ് കണക്കുകൂട്ടുന്നു. പ്രതിപക്ഷ ഐക്യചർച്ചകളിൽ പ്രധാനമന്ത്രി പദത്തിനു കോൺഗ്രസുമായി വിലപേശാൻ വിശാലമായ ജനതാ പരിവാറിനു കരുത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിജെപിക്ക് വെല്ലുവിളി ഉയർത്തണമെങ്കിൽ കോൺഗ്രസും ജനതാ പരിവാർ കക്ഷികളും ഇടതു പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നതാണ് നിതീഷിന്റെ നിലപാട്.