റാഞ്ചി: ഝാർഖണ്ഡിലെ ചായ്ബാസിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഇരപത്താറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ തിരികെ വരുമ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്.

ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം ഇരുചക്രവാഹത്തിൽ തിരികെ വരികയായിരുന്ന യുവതിയെ പത്തു പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി. തുടർന്ന് യുവതിയെ ആളില്ലാത്ത സ്ഥലത്ത് പിടിച്ചുകൊണ്ടു പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്‌ത്തിയതിനു ശേഷമാണ് യുവതിയെ പിടിച്ചുകൊണ്ടു പോയത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

പീഡനത്തിനു ശേഷം പ്രദേശത്തുനിന്ന് സംഘം ഓടി രക്ഷപ്പെട്ടു. യുവതിയുടെ പഴ്‌സും മൊബൈൽ ഫോണും ഇവർ കൈക്കലാക്കി. അവിടെനിന്ന എങ്ങനൊക്കെയോ രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് കാര്യം പറയുകയും അവർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഹേമന്ദ് സോറൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.