ബെംഗളൂരു: കൃത്യമായി ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പൊലീസുകാരനിൽ നിന്നും പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് സ്‌കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു പൊലീസുകാരന് പിഴ ചുമത്തിയത്.

ട്രാഫിക് റെഗുലേഷൻസ് വകുപ്പ് നിരോധിച്ച ഹാഫ് ഹെൽമറ്റ് ധരിച്ചതിനായിരുന്നു പിഴ . 'കേസ് എടുത്തിട്ടുണ്ട്' എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നു ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.

പക്ഷപാതമില്ലാതെ ഡ്യൂട്ടി ചെയ്തതിന് യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനെയും ആളുകൾ അഭിനന്ദിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും റോഡ് നിയമങ്ങൾ പാലിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നതാണ് നടപടിയെന്നാണ് ജനത്തിന്റെ അഭിപ്രായം.