റാഞ്ചി: ഝാർഖണ്ഡിൽ ഐ.ടി ജീവനക്കാരിയായ ഇരുപത്തിയാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പേർ പിടിയിൽ. വെസ്റ്റ് സിങ്ഭും ജില്ലയിലെ ചായ്ബാസയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രമുഖ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി തന്റെ സുഹൃത്തിനോടൊപ്പം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു. ഒരു സംഘം ആളുകൾ ഇവരെ തടയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ആക്രമിക്കപ്പെട്ടതിനുശേഷം തിരികെ നടക്കുമ്പോൾ പെൺകുട്ടി പൊലീസ് വാഹനത്തിന് മുൻപിൽ പെടുകയും നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ വ്യക്തമാക്കി. പ്രതികളിൽ നിന്ന് യുവതിയുടെ പേഴ്സ്, ആധാർ, മൊബൈൽ ഫോൺ എന്നിവയും 4500 രൂപയും വീണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന പ്രതികളുടെ വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.