ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ 36 ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. പാർവതിപുരം ജില്ലയിലെ പാലക്കൊണ്ട നഗരത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

സ്പെഷ്യൽ ദീപാവലി ഡിസ്‌ക്കൗണ്ടിനായി ഷോറൂമിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ബൈക്കുകളും ബാറ്ററികളുമാണ് കത്തിനശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാവിഭാഗം തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ കാരണം വ്യക്തമാകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

50ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഷോറൂം മാനേജർ പറയുന്നത്. കഴിഞ്ഞ മാസം ഇ- ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ടുപേർ മരിച്ചിരുന്നു.