- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീയെ തുറിച്ചുനോക്കിയെന്ന് പരാതി; ഡൽഹിയിൽ പൊലീസുകാരൻ മുഖത്തടിച്ചതിന് ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതികാരം
ന്യൂഡൽഹി: സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയിൽ പൊലീസുകാരൻ മുഖത്തടിച്ചതിന്റെ പ്രതികാരമായി നടുറോഡിൽ സ്വന്തം ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം. ഞായറാഴ്ചയാണ് ഡൽഹി ഖാൻ മാർക്കറ്റ് പരിസരത്ത് നാടകീയരംഗങ്ങൾ അരങ്ങേറിയത്.
ബൈക്ക് അഗ്നിക്കിരയാക്കിയതിന് പിന്നാലെ പൊലീസിന് നേരേ കല്ലെറിഞ്ഞ യുവാവിനെ കൂടുതൽ പൊലീസുകാരെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ഫുഡ് ഡെലിവറി എക്സിക്യൂട്ടിവായ നദീം(23) ആണ് സ്വന്തം ബൈക്കിന് തീയിട്ട് പരിഭ്രാന്തി സൃഷ്ടിച്ചത്. ബൈക്കിൽനിന്ന് തൊട്ടടുത്തുള്ള ഫർണീച്ചർ കടയിലേക്ക് തീ പടർന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ശനിയാഴ്ച ഒരു സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയിൽ നദീമിനെ പൊലീസുകാരൻ മുഖത്തടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുവാവ് പരാക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഫുഡ് ഡെലിവറി എക്സിക്യൂട്ടിവായ നദീം, ഓർഡർ ശേഖരിക്കാനായാണ് ശനിയാഴ്ച ഖാൻ മാർക്കറ്റിലെ റെസ്റ്റോറന്റിൽ എത്തിയത്. ഓർഡർ കാത്ത് റെസ്റ്റോറന്റിന് പുറത്ത് നിൽക്കുമ്പോൾ ഇതുവഴി കടന്നുപോയ ദമ്പതിമാരാണ് ഇയാൾക്കെതിരേ പരാതി ഉന്നയിച്ചത്.
നദീം തന്നെ തുറിച്ചുനോക്കിയെന്നായിരുന്നു ദമ്പതിമാരിൽ ഭാര്യയുടെ ആരോപണം. രേഖാമൂലം പരാതി നൽകിയില്ലെങ്കിലും ഇക്കാര്യം ഇവർ പൊലീസ് ഔട്ട്പോസ്റ്റിൽ അറിയിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ നദീമിനെ ചോദ്യംചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു.
ഞായറാഴ്ച ഇതേസ്ഥലത്ത് തിരിച്ചെത്തിയാണ് യുവാവ് സ്വന്തം ബൈക്കിന് തീയിട്ടത്. പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരേ ഇയാൾ കല്ലെറിയുകയും ചെയ്തു.
ന്യൂസ് ഡെസ്ക്