ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലും പരിരസര പ്രദേശങ്ങളിലും വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയിൽ തുടരുന്നു. ഡൽഹിയിലെ ആകെ വായു ഗുണനിലവാര സൂചിക 353 ആണ് ഒടുവിൽ രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഡൽഹിയിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നത്. വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് സ്ഥിതി മോശമാകാൻ കാരണം. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളിൽ വെള്ളം തളിക്കാൻ തുടങ്ങി.

നഗരങ്ങളായ ഗസ്സിയാബാദ് (270), നോയിഡ (305), ഗുരുഗ്രാം (307), ഫരീദാബാദ് (305) എന്നിവിടങ്ങളിൽ 'മോശം' മുതൽ 'വളരെ മോശം'വരെ വായുവിന്റെ ഗുണനിലവാര സൂചിക റിപ്പോർട്ട് ചെയ്തു. പൂജ്യത്തിനും 50- നും ഇടയിൽ വായു നിലവാര സൂചികയുള്ളവ 'നല്ലത്', 51 മുതൽ 100 വരെ 'തൃപ്തികരം', 101- 200-'മിതമായ മലിനീകരണം', 201- 300- 'മോശം', 301-400- 'വളരെ മോശം', 401- 500 വരെ 'കഠിനം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

അതേസമയം, സിപിസിബി കണക്ക് പ്രകാരം തിങ്കളാഴ്ച ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ചതായിരുന്നു. ഏഴ് വർഷത്തിനിടയിലെ കണക്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ ഉത്സവ തീയതിയും ആയിരുന്നു ഈ ദിനം. എന്നാൽ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ചിട്ടും പടക്കത്തിന്റെ ഉപയോഗം വർധിച്ചപ്പോൾ രാത്രിയോടെ വായുവിന്റെ ഗുണനിലവാരം കുറയുകയായിരുന്നു.

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചിൽ നിന്നുള്ള വിവരം അനുസരിച്ച്, ഡൽഹിയുടെ വായു ഗുണനിലവാര സൂചിക അർധരാത്രിയിൽ 365 ൽ എത്തിയിരുന്നു. അതായത് 'വളരെ മോശം' വിഭാഗത്തിലും അപകടകരവുമായ സാഹചര്യത്തിലുമാണിത്. മലിനീകരണം അപകടകരമായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം നിയന്ത്രണമുണ്ട്. അതേസമയം സ്ഥിതി മോശമാകാൻ കാരണം ദീപാവലിയല്ല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എന്നായിരുന്നു ബിജെപി വിമർശനം.