ഇറ്റാനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 30ന് അരുണാചൽ പ്രദേശിൽ സന്ദർശനം നടത്തും. ഹോളോങ്കിയിലെ ഗ്രീൻഫീൽഡ് വിമാനത്താവളം നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പേമ ഖണ്ഡു അടുത്തിടെ ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ ഹോളോങ്കിയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം അരുണാചൽ പ്രദേശിൽ സന്ദർശനത്തിനെത്തുന്നത്.

645 കോടി രൂപ ചെലവിലാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. എട്ട് ചെക്ക് ഇൻ കൗണ്ടറുകളുള്ള ഇവിടെ തിരക്കുള്ള സമയങ്ങളിൽ 200 യാത്രക്കാരെ വരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയും. 4,100 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് വിമാനത്താവളത്തിനുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 18ന് വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ് 747ന്റെ പ്രവർത്തനത്തിന് അനുയോജ്യമായ 2,300 മീറ്റർ റൺവേയുള്ള അരുണാചൽപ്രദേശിലെ ആദ്യത്തെ വ്യോമത്താവളമാണിത്. നിലവിൽ സംസ്ഥാനത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം അസമിലെ വടക്കൻ ലഖിംപൂർ ജില്ലയിലെ ലീലാബാരിയാണ്. 80 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളമുള്ളത്.

അരുണാചലിലെ ആദ്യ വിമാനത്താവളത്തിന് ഡോണിപോളോ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഗോത്രവർഗ്ഗ സംസ്ഥാനത്തിന്റെ പുരാതന പാരമ്പര്യത്തെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയുമാണ് ഈ പേര് സൂചിപ്പിക്കുന്നത്. സൂര്യനോടും (ഡോണി) ചന്ദ്രനോടും (പോളോ) ജനങ്ങളുടെ പുരാതനമായ തദ്ദേശീയമായ ആദരവായാണ് ഈ പേര് വിമാനത്താവളത്തിന് നൽകിയത്. ക്യാബിനറ്റ് പേര് അംഗീകരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യങ്ങളെല്ലാം മുൻപ് വ്യക്തമാക്കിയിരുന്നു.