ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സിഗരറ്റ് നൽകാത്തതിന് സുഹൃത്തിനെ യുവാവ് കോട്ടമതിലിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ കപ്താൻ സിങ്ങി(27)നെയാണ് സുഹൃത്തുകൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏകദേശം മുപ്പതടി താഴ്ചയിലേക്കാണ് യുവാവ് വീണത്. ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിഗരറ്റ് നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം.

സുഹൃത്തുക്കളായ രണ്ടുപേരും കോട്ടയുടെ മതിലിൽ ഇരിക്കുന്നതിനിടെയാണ് സിഗരറ്റിനെച്ചൊല്ലി തർക്കമുണ്ടായത്. കപ്താൻ സിങ് സിഗരറ്റ് കത്തിച്ചപ്പോൾ സുഹൃത്ത് ഇത് ആവശ്യപ്പെട്ടു. എന്നാൽ പലതവണ ചോദിച്ചിട്ടും സിഗരറ്റ് നൽകാതിരുന്നതോടെ കുപിതനായ പ്രതി, കപ്താൻ സിങ്ങിനെ കോട്ടമതിലിൽനിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സുഹൃത്തായ സുഹൈൽ ഖാനെ കാണാനായാണ് കപ്താൻ സിങ് വീട്ടിൽനിന്ന് പോയതെന്ന് സഹോദരൻ ലഖാൻ സിങ് പ്രതികരിച്ചു. സുഹൈൽ ഖാനും ആഗ്രയിലുള്ളയാളാണ്. വീട്ടിൽനിന്ന് പോയ സഹോദരനെ പിന്നീട് റോഡിൽ പരിക്കേറ്റനിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെല്ലാം കപ്താൻ സിങ് വെളിപ്പെടുത്തിയിരുന്നുവെന്നും സഹോദരൻ പറഞ്ഞു.