ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പഠിക്കാൻ സമിതി രൂപീകരിച്ച് ഗുജറാത്ത് സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പഠിക്കാൻ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ഹർഷ് സംഘവി വിശദീകരിച്ചു. അതിനിടെ, എഎപി പൊതുജനാഭിപ്രായത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി സർക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നായ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് ഗുജറാത്തിൽ തുടക്കമിട്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡിൽ ബിജെപി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സമാന പ്രഖ്യാപനം നടത്തുകയും ആദ്യ മന്ത്രിസഭാ യോഗത്തിൽ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ പ്രഖ്യാപനം ഗുണകരമായി എന്നായിരുന്നു ബിജെപി വിലയിരുത്തൽ.

അതേസമയം, ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പൊതുജനാഭിപ്രായത്തിലൂടെ തിരഞ്ഞെടുക്കാനാണ് എഎപി തീരുമാനം. നവംബർ 3ന് മൂന്നിനും അഞ്ചിനും ഇടയിൽ എസ്എംഎസ്, ഇ മെയിൽ തുടങ്ങിയവ വഴി പൊതുജനാഭിപ്രായം തേടും. നവംബർ 4ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അരവിന്ദ് കേജ്രിവാൾ അറിയിച്ചു.