ന്യൂഡൽഹി: സഹോദരിയെ അക്രത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാർ. സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കൗമാരക്കാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു. ഡൽഹിയിലെ പട്ടേൽനഗറിലാണ് സംഭവം. കംപ്യൂട്ടർ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തുവച്ചാണ് പതിനേഴുകാരൻ ആക്രമണത്തിന് ഇരയായത്.

സഹോദരിയെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ചേർന്ന് ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതികളും കൗമാരക്കാരനും തമ്മിൽ തർക്കമാവുകയും പ്രതികളിലൊരാൾ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നട്ടെല്ലിനോട് ചേർന്നാണ് കുത്തേറ്റത്. കുത്തേറ്റതിനു പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് രക്ഷപ്പെട്ടു.രക്തം വാർന്ന പതിനേഴുകാരൻ ഫോണിൽ ആരെയോ വിളിച്ച് സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി.