ലക്‌നോ: മകന്റെ ദീർഘായുസിനായി അമ്മ പൂജ നടത്തുമ്പോൾ അതേ കുളത്തിൽ മകന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിങ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്റെ അമ്മ ഉഷ മകന്റെ ദീർഘായുസിനായി പ്രാർത്ഥിച്ച് കൊണ്ട് കുളത്തിൽ ഛത്ത് പൂജ നടത്തുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. കൗമാരക്കാരന്റെ മുങ്ങി മരണം ഗ്രാമത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം അതേ കുളത്തിൽ സത്യം സിങ് കുളിക്കാനായി ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

സുഹൃത്തുകൾക്ക് നീന്തൽ അറിയാമായിരുന്നെങ്കിലും സത്യം സിംഗിന് വശമുണ്ടായിരുന്നില്ല. ആദ്യം കുളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ എല്ലാവരും മത്സരിച്ച് നീന്തുന്നതിനിടെ സത്യം സിങ് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ സത്യം സിംഗിന്റെ വീട്ടുകാർ എത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാൽ ഡോക്ടർമാർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ദിയോറിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും സത്യം സിംഗിന്റെ ആരോഗ്യ നില കൂടുതൽ മോശമായി.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. സത്യം സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി സത്യം സിങ് അസുഖ ബാധിതനായിരുന്നുവെന്നും നില വഷളായ അവസ്ഥയിലായിരുന്നുവെന്നും അമ്മ ഉഷ പറഞ്ഞു.

അതുകൊണ്ട് കുളത്തിൽ ചാടരുതെന്ന് പറഞ്ഞിരുന്നെങ്കിലും മകൻ അത് കേട്ടില്ലെന്നുമാണ് ഉഷ പറയുന്നത്. അതേസമയം, പൊലീസിനെതിരെ സംഭവത്തിൽ വിമർശനം ഉയരുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു കോൺസ്റ്റബിളിനെയും ഒരു ഹോം ഗാർഡിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. എന്നാൽ സംഭവസമയത്ത് അവർ അവിടെ ഉണ്ടായിരുന്നില്ല. ചായകുടിക്കാൻ പോയതായിരുന്നു എന്നാണ് സൂചന.