ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയും ആദരവും എന്തുകൊണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യം ആഴത്തിൽ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. നരേന്ദ്ര മോദി ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് ഇത്രയേറെ സ്വീകാര്യതയെന്നും രാജസ്ഥാനിലെ മൻഗറിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു ഗോലോട്ടിന്റെ പരാമർശം.

'വിദേശരാജ്യങ്ങളിൽ പോകുമ്പോൾ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യം ആഴത്തിൽ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. ഇത് തിരിച്ചറിയുമ്പോൾ, അത്തരമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിന്റെ അഭിമാനമാണ് അവർക്കുണ്ടാവുന്നത്'-ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ മംഗഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദി പങ്കിട്ടത്.  1913-ൽ രാജസ്ഥാനിലെ മംഗഡിൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവർഗക്കാരെ സ്മരിക്കുന്ന ചടങ്ങായ 'മംഗാർ ധാം കി ഗൗരവ് ഗാഥ' യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. അശോക് ഗെഹ്ലോട്ടിനൊപ്പം മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

1913-ൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത 1,500 ഓളം ഗോത്രവർഗക്കാരുടെ സ്മാരകമായ ധാം ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലുള്ള വലിയ ഗോത്രവർഗ്ഗ ജനസംഖ്യയുള്ള പ്രദേശമായ ബൻസ്വാര ജില്ല ജില്ലയിലാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ 1913-ൽ മംഗഡിൽ ആദിവാസികളുടെ സമ്മേളനത്തിന് നേതൃത്വം നൽകിയത് സാമൂഹിക പരിഷ്‌കർത്താവായ ഗോവിന്ദ് ഗുരുവായിരുന്നു. ഇതിനെതിരായ ബ്രിട്ടീഷ് അതിക്രമത്തിലാണ് 1,500 ഓളം ആദിവാസികൾ രക്തസാക്ഷികളായത്.

സ്വാതന്ത്ര്യാനന്തരം എഴുതപ്പെട്ട ചരിത്രത്തിൽ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിനും ത്യാഗത്തിനും അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആ തെറ്റ് ഇന്ന് രാജ്യം തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പുകഴ്‌ത്തിയാണ് സംസാരിച്ചത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിമാരിൽ ഏറ്റവും സീനിയറായിരുന്നു ഗെഹ്ലോട്ടെന്നും ഇപ്പോഴും വേദിയിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു. ഞാനും അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.