ഹൈദരാബാദ്: മദ്യപാനിയായ മകനെ കൊലപ്പെടുത്താൻ എട്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ സർക്കാർ സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥിയായ സായ് റാമിനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് റാം സിങ്, ഭാര്യ റാണി ബായ് എന്നിവരാണ് അറസ്റ്റിലായത്. ശ്വാസംമുട്ടിച്ചാണ് ഇരുപത്തിയാറുകാരനായ സായ് റാമിനെ സംഘം കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിലെ ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറാണ് കേസിൽ വഴിത്തിരിവായത്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായത് ഇവർ പൊലീസിൽ പരാതിപ്പെടാതിരുന്നതും സംശയത്തിനിടയാക്കി. ഒക്ടോബർ 25 ന് മകന്റെ മൃതദേഹം തിരിച്ചറിയാൻ മോർച്ചറിയിൽ എത്തിയതും കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും ഒന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്.

മാരിപെഡ ബംഗ്ല ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലാണ് രാം സിങ്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മകൾ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. മദ്യപിക്കാൻ പണം നിരസിച്ചപ്പോൾ സായി റാം മാതാപിതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശല്യം സഹിക്ക വയ്യാതായതോടെ ദമ്പതികൾ റാണി ബായിയുടെ സഹോദരൻ സത്യനാരായണയുടെ സഹായം തേടി. കൊലപാതകം നടത്താൻ മിര്യലഗുഡയിൽ നിന്നുള്ള ആർ രവി, ഡി ധർമ്മ, പി എൻ അഗരാജു, ഡി സായി, ബി രാംബാബു എന്നിവരെ സത്യനാരായണ എത്തിച്ചു.

ഒന്നര ലക്ഷം രൂപ മുൻകൂറായി നൽകി. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബാക്കി 6.5 ലക്ഷം നൽകാമെന്നും ഇവർ വാക്കുനൽകി. ഒക്ടോബർ 18ന് സത്യനാരായണയും രവിയും സായിറാമിനെ കാറിൽ കയറ്റി ക്ഷേത്രത്തിൽ കൊണ്ടുപോയി മറ്റ് പ്രതികളെ കണ്ടു. പിന്നീട് എല്ലാവരും ഒരുമിച്ച് മദ്യപിച്ചു.

മദ്യലഹരിയിലായ സായി റാമിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം സുന്യാപഹാഡിലെ മൂസിയിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുറ്റംസമ്മതിച്ചെന്നും ഹുസുറാബാദ് സർക്കിൾ ഇൻസ്പെക്ടർ രാമലിംഗ റെഡ്ഡി പറഞ്ഞു.