ന്യൂഡൽഹി: വ്യത്യസ്ത മതവിശ്വാസമുള്ള രണ്ടു പേരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. മിശ്ര വിവാഹം തടയാൻ സർക്കാരിനാവില്ലെന്ന് ജസ്റ്റിസ് യശ്വന്ത് വർമ നിരീക്ഷിച്ചു.

വിദേശ പൗരത്വമുള്ള ഹിന്ദു യുവതിയും ക്രിസ്ത്യൻ യുവാവും നൽകിയ ഹർജിയിലാണ്, ഹൈക്കോടതി നിർണായക നിരീക്ഷണം. സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അനുമതി തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

രണ്ടു പേർക്കും അവരവരുടെ മതം നിലനിർത്തിക്കൊണ്ടു വിവാഹിതരാവാൻ സെപ്ഷൽ മാരേജ് ആക്ടിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനാലാണ് അത്തരത്തിൽ അപേക്ഷ നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മറ്റേതൊരു നിയമപ്രകാരവും വിവാഹം കഴിക്കാൻ ദമ്പതികളിൽ ഒരാൾ മതം മാറേണ്ടി വരും.

കനേഡിയൻ പൗരത്വമുള്ള യുവതിയും യുഎസ് പൗരനായ യുവാവും നൽകിയ വിവാഹ അപേക്ഷയിൽ ഡൽഹി സർക്കാർ അനുകൂല നടപടി എടുത്തിരുന്നില്ല. ഇരുവരും വിദേശികൾ ആയതിനാൽ വെബ് സൈറ്റ് വഴി അപേക്ഷ നൽകാനായില്ല. നേരിട്ട് അപേക്ഷ നൽകാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് തീരുമാനം എടുത്തതുമില്ല. തുടർന്നാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.