ന്യൂഡൽഹി: ശുചിമുറിയിൽ മൃതദേഹമുള്ളതറിയാതെ ട്രെയിൻ യാത്ര തുടർന്നത് 900 കിലോമീറ്റർ. ഒടുവിൽ യാത്രക്കാർ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പട്ടതിനെത്തുടർന്നാണ് ട്രെയിനിൽ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. ഇതേത്തുടർന്ന് ട്രെയിൻ അഞ്ചു മണിക്കൂറോളം വൈകി. സഹർസാ-അമൃത്സർ ജനസേവാ എക്സ്പ്രസ്സിൽ ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ലെന്നും ട്രെയിൻ യാർഡിൽ കിടക്കുന്ന സമയത്ത് കയറിയതായാണ് കരുതുന്നതെന്നും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ റാം സഹായ് വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് മൂന്നു നാലു ദിവസം മുൻപേ ഇയാൾ മരിച്ചതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണത്തിന് മുൻപ് ഇദ്ദേഹം ബോധം നഷ്ടപ്പെട്ടിരുന്നതായി റെയിൽവെ ഡോക്ടർ സഞ്ചയ് റായും വ്യക്തമാക്കി. മരിച്ച വ്യക്തിയെ തിരിച്ചറിയാനായി ബീഹാർ സ്റ്റേഷൻ പരിസരങ്ങളിൽ റെയിൽവേ പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.