ന്യൂഡൽഹി: അടുത്ത വർഷം മാർച്ച് അവസാനത്തോടെ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. 25 പുതിയ ട്രെയിനുകൾ പുറത്തിറക്കാനാകുമെന്നാണ് റെയിൽവെയുടെ കണക്കുകൂട്ടൽ.

വന്ദേ ഭാരത് 2.0 യാത്രക്കാരെ വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയുടെ യുഗത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. 180 കിലോമീറ്റർ വേഗതയുള്ള ഓട്ടോമാറ്റിക് ട്രെയിനാണ് വന്ദേ ഭാരത്. വന്ദേ ഭാരതിന്റെ അംഗീകൃത പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) നടപ്പ് സാമ്പത്തിക വർഷം 27 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകഴിഞ്ഞു. ഗാന്ധിനഗർ-മുംബൈ, അംബ് അണ്ടൗര-ഡൽഹി എന്നീ റൂട്ടുകളിലാണ് ട്രെയ്ൻ സർവ്വീസ് നടത്തുന്നത്.

മൂന്നാമത് വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ ഐസിഎഫിൽ നിർമ്മാണത്തിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സജ്ജമാകുമെന്നാണ് പ്രതീക്ഷ. ചെന്നൈയ്ക്കും മൈസൂരുവിനുമിടയിൽ ബെംഗളൂരു വഴിയാണ് പുതിയ ട്രെയ്ൻ സർവ്വീസ് നടത്തുക. അടുത്തിടെ റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി കെ ത്രിപാഠി വന്ദേ ഭാരത് ട്രെയിന്റെ നിർമ്മാണം അവലോകനം ചെയ്യാൻ ഐസിഎഫ് സന്ദർശിച്ചിരുന്നു.