അബുദാബി: അബുദാബിയിൽ നടക്കുന്ന സ്‌പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  പങ്കെടുക്കും. അബുദാബി സ്‌പേസ് ഡിബേറ്റിന്റെ ഉദ്ഘാടന വേദിയെ നരേന്ദ്ര മോദിയും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗും അഭിസംബോധന ചെയ്യും.

ഡിസംബർ 5,6 തീയതികളിലായി നടക്കുന്ന സ്‌പേസ് ഡിബേറ്റിൽ ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജൻസികളും സർക്കാർ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെയും മേധാവികളും ചടങ്ങിൽ പങ്കെടുക്കും.

യുഎഇ ബഹിരാകാശ ഏജൻസിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ഗവേഷണം ഉൾപ്പെടെ തന്ത്രപ്രധാന മേഖലയിൽ ആഗോള സഹകരണം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യ, യുഎസ്, ബ്രിട്ടൻ, കൊറിയ, ഫ്രാൻസ്, ജപ്പാൻ, റുവാണ്ട, പോർച്ചുഗൽ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ 250 ബഹിരാകാശ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കും.