അമൃത്സർ: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. അമൃത്സറിൽ ഒരു ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധമാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്.

പ്രതിഷേധത്തിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ വെടിയുതിർക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തി വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് സുധീർ സുരി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായിട്ടുണ്ട്.

തിരക്കേറിയ സ്ഥലത്തുവച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്. അഞ്ച് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിലേറ്റു.

വെടിവെപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പ് നടത്തിയ സന്ദീപ് സിങ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തോക്ക് കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അമൃത്സറിലെ ഗോപാൽ മന്ദിർ ഭരണ സമിതിയിലുള്ള ചിലരുമായി സൂരി നേരത്തെ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർമുമ്പ് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ ക്ഷേത്ര ഭരണ സമിതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനുശേഷം ക്ഷേത്രത്തിന് സമീപം പ്രതിഷേധ ധർണ നടത്തുന്നതിനിടെയാണ് വെടിയേറ്റത്. സിദ്ദു മൂസവാലയ്ക്കുശേഷം കൊല്ലപ്പെടുന്ന, പൊലീസ് സംരക്ഷണമുള്ള രണ്ടാമത്തെ വ്യക്തിയാണ് സുധീർ സൂരി.