ബെംഗളൂരു: ബെംഗളുരുവിൽ റോഡിലെ കുഴിയിൽ ബൈക്ക് തെന്നിമറിഞ്ഞ് വീഴുകയും അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തതിന് പിന്നാലെ കുഴിയടിക്കാൻ നേരിട്ടിറങ്ങി ദമ്പതിമാർ. മല്ലേശ്വരത്ത് താമസിക്കുന്ന നാഗമണിയും ഭർത്താവുമാണ് കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയത്.

വെള്ളിയാഴ്ച രാവിലെ നാഗമണിയുടെ ഭർത്താവ് പുറത്തു പോയപ്പോൾ കുഴിയിൽ തെന്നി ബൈക്ക് മറിഞ്ഞിരുന്നു. എതിർദിശയിൽ വന്ന വാഹനം കയറാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. തുടർന്ന് കുഴിയിൽ വീണ് ആർക്കും പരിക്ക് പറ്റാതിരിക്കട്ടെ എന്നുകരുതി ഇരുവരും റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

റോഡിലെ കുഴി അടയ്ക്കാത്തതിൽ കോർപ്പറേഷന് നിരന്തരമായി കോടതിയിൽ നിന്നും വിമർശനമുയരുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ദമ്പതിമാർ റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ടാഗ് ചെയ്തുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുന്നത്.